06:31pm 30 July 2026
NEWS
കോൺഗ്രസിനെ നേരിടാൻ കർണാടകത്തിൽ ബിജെപി -ജെഡിഎസ്സ് ഏകോപനസമിതി: കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ നിർദ്ദേശം
23/10/2025  11:21 AM IST
വിഷ്ണുമംഗലം കുമാർ
കോൺഗ്രസിനെ നേരിടാൻ കർണാടകത്തിൽ ബിജെപി -ജെഡിഎസ്സ് ഏകോപനസമിതി: കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ നിർദ്ദേശം

 കർണാടകം തനിച്ചും കൂട്ടുചേർന്നും ഭരിച്ച മൂന്ന് പ്രമുഖ രാഷ്ട്രീയപാർട്ടികളാണ് കോൺഗ്രസ്സ്, ബിജെപി, ജെഡിഎസ്സ് എന്നിവ. ജെഡിഎസ്സ് കോൺഗ്രസ്സിനോടും ബിജെപിയോടും ഒരുപോലെ കൂട്ടുകൂടി അധികാരം പങ്കിട്ടിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസ്സ് തനിച്ച് ഭരിക്കുന്നു. ജെഡിഎസ്സ്, ബിജെപിയുമായി ചേർന്ന് പ്രതിപക്ഷത്തിരിക്കുന്നു. ബിജെപിയാണ് വല്യേട്ടനെങ്കിലും ആ പാർട്ടി വിഭാഗീയതയാലും മറ്റു പ്രശ്നങ്ങൾ കാരണവും വല്ലാതെ ക്ഷീണിച്ചുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ചെറിയ പാർട്ടിയായ ജെഡിഎസ്സ് വല്യേട്ടനാകുന്ന സ്ഥിതിയാനുള്ളത്. സംസ്ഥാന എൻഡിഎയിലെ ഏറ്റവും കരുത്തൻ ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയാണ്. സംസ്ഥാന ബിജെപിയിൽ നിന്നുള്ള പ്രമുഖർ കേന്ദ്രത്തിൽ മന്ത്രിമാരാണെങ്കിലും അവരെക്കാൾ തലയെടുപ്പ് മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയ്ക്കാണ്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ഏറെ അടുപ്പമുള്ള നേതാവും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിസ്ഥാനം ഉള്ളതിനാലും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുകൊണ്ടും പഴയതുപോലെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്ന പ്രശ്നമേയുള്ളൂ. 2028ൽ കുമാരസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാനാണ് പ്രധാനമന്ത്രിയും അമിത് ഷായും തീരുമാനിച്ചിട്ടുള്ളത് എന്നും വാർത്തയുണ്ട്. സിദ്ധരാമയ്യ ഗവണ്മെന്റിനെ നേരിടാനായി രണ്ട് ഏകോപന സമിതികൾ രൂപീകരിക്കാനുള്ള കുമാരസ്വാമിയുടെ നിർദ്ദേശം ബിജെപി അംഗീകരിച്ചിട്ടുണ്ട്. ഒരു സമിതി ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള ബംഗളുരു നഗരസഭകളുടെ ( ഗ്രേറ്റർ ബംഗളുരു അതോറിറ്റി) പരിധിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മറ്റേത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ ഡി എയെ സജ്ജമാക്കാനായി സംസ്ഥാന തലത്തിലും പ്രവർത്തിക്കും. കഴിഞ്ഞ വർഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയും ജെഡിഎസ്സും ഒത്തുചേർന്ന് ആദ്യമായി കോൺഗ്രസിനെ നേരിട്ടത്. 28 ൽ 19 സീറ്റുകൾ കയ്യടക്കാൻ ആ കൂട്ടുകെട്ടിന് സാധിച്ചു. പക്ഷെ തുടർന്നുനടന്ന മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൻ ഡി എ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ചന്നപട്ടണയിൽ കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിലിന് നേരിട്ട പരാജയവും മുൻ എം പിയും കുമാരസ്വാമിയുടെ ജ്യേഷ്ഠപുത്രനുമായ പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായതും ജെഡിഎസ്സിന് താങ്ങാനാവാത്ത ആഘാതമായിരുന്നു. എന്നിട്ടും തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങുന്ന കുമാരസ്വാമി തന്നെയാണ് എൻ ഡി എയുടെ സൂപ്പർ സ്റ്റാർ. രണ്ട് ഏകോപന സമിതിയിലേക്കുമുള്ള ബിജെപി അംഗങ്ങളെ ഒരാഴ്ചക്കകം തീരുമാനിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയും പ്രതിപക്ഷ നേതാവ് ആർ അശോകും കുമാരസ്വാമിയെ അറിയിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img